ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്‍, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.